തിരുവനന്തപുരം : കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന തുടരുന്നു. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്.
ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം ആദ്യം കണ്ടത്. വാട്ടർ ടാങ്കിന്റെ മാനുവൽ ഹോൾ വഴിയാണ് 15 അടി താഴ്ചയിൽ കിടന്ന അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ല.
കഴക്കൂട്ടം ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാത്തതിനാൽ മടങ്ങി. വ്യാഴാഴ്ച രാവിലെ ഫോറൻസിക്ക് വിഭാഗം എത്തിയശേഷം ഫയർഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കാനാണ് നീക്കം.