തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ തുടർച്ചയായി മാലിന്യം തള്ളുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ‘ടിഎൻഐഇ’യിൽ ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയെ തുടർന്നാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാൻ തോട് അടക്കമുള്ള മഴവെള്ള ഡ്രെയിനേജുകളിൽ മഴക്കാലത്തിനു മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വിവിധ വകുപ്പുകളുടെ നിസംഗത സംബന്ധിച്ചു വാർത്തയിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ തോട്ടിൽ നിന്നു മാലിന്യം നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയുടെ ജീവൻ അപഹരിച്ച ദാരുണമായ സംഭവമുണ്ടായിരുന്നു. എന്നാൽ അതിനു ശേഷവും റെയിൽവേയും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ തോട്ടിൽ മാലിന്യം തള്ളുന്നത് തുടരുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം മാലിന്യം തള്ളുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ് പറഞ്ഞു.
തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയുന്നതിനായി നഗരസഭ പകൽ സ്ക്വാഡുകളും രാത്രി സ്ക്വാഡുകളും വിന്യസിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നത് ഗണ്യമായി കുറഞ്ഞതായി നഗരസഭയ്ക്ക് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മാലിന്യം തള്ളുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ കഴിഞ്ഞെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ഇത്രയും നടപടികൾ സ്വീകരിച്ചിട്ടും മാലിന്യം തള്ളുന്നത് തടസമില്ലാതെ തുടരുന്നുണ്ട്.