കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും കമ്മീഷൻ നിർദേശം നൽകി. സുരക്ഷാ വീഴ്ചയടക്കം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ പരാതിയിലാണ് നടപടി.
ഒരു വാതിൽ മാത്രമാണ് ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിക്കാനുണ്ടായിരുന്നത്. 2500 പേർ ഉൾകൊള്ളാവുന്ന ഓഡിറ്റോറിയിത്തിൽ ഒരു വാതിൽ മാത്രമുണ്ടായത് പിഴവാണ്. പൊലീസിന്റെ സുരക്ഷയുണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം എന്നീ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിക്കുന്നത്. നാളെ രാവിലെ ആലുവയിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയം പരിഗണിക്കും.