വയനാട് : സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് പത്ത് വർഷമായി പട്ടികജാതി-വർഗ സംവരണം അട്ടിമറിക്കുന്നത്. 2014ൽ 522 ഗസറ്റഡ് തസ്തികകൾ ഉണ്ടായിരുന്ന വകുപ്പിൽ പിറ്റേവർഷം മുതൽ അത് നേർപകുതിയാക്കി കാണിച്ചാണ് സംവരണം അട്ടിമറിക്കുന്നത്.
വർഷംതോറും നിർബന്ധമായും പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോർട്ടിൽ തിരിമറി നടത്തിയാണ് ലാൻഡ് റവന്യൂ വകുപ്പിൽ വർഷങ്ങളായി സംവരണം അട്ടിമറിക്കുന്നത്. 2015 മുതലാണ് അട്ടിമറി ആരംഭിച്ചത്. പിന്നീട് അഞ്ച് കൊല്ലം പ്രസിദ്ധീകരിച്ച പ്രാതിനിധ്യ റിപ്പോർട്ടിലും തസ്തികകൾ യഥാർത്ഥ കണക്കിൻറെ പകുതിയായി തന്നെ തുടർന്നു.
2014 ൽ റിപ്പോർട്ടിൽ കാണിച്ച 522 ഗസറ്റഡ് തസ്തികകൾ തൊട്ടടുത്ത വർഷം ഒറ്റയടിക്ക് 269 ആയി കുറഞ്ഞു.2016 ൽ – അത് 258 ഉം 2017 ൽ – 254 ഉം 2018 ലും 2019 ലും 263 ഉം 2020 ൽ – 260 ഉമായാണ് റിപ്പോർട്ടിൽ കാണിച്ചത്.
2014 വരെ കൃത്യമായി പ്രസിദ്ധീകരിച്ചു വന്ന പ്രാതിനിധ്യറിപ്പോർട്ട് 2015 മുതൽ അട്ടിമറിയാൻ ഒരു കാരണമുണ്ട്. 2013 – 14 കാലഘട്ടത്തിലെ വാർഷിക പ്രാതിനിധ്യറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളിൽ സംവരണ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗസ്ഥർ നിർദിഷ്ട എണ്ണത്തിലും കുറവാണെന്ന് കണ്ടെത്തി. പിന്നാലെ സ്പെഷ്യൻ റിക്രൂട്ട്മെൻ്റ് നടത്തിയ PSC, SC/ST വിഭാഗത്തിൽ നിന്നുള്ള ആറു പേരെ ലാൻഡ് റവന്യൂ വകുപ്പിൽ നിയമിച്ചു. ഇതോടെയാണ് തൊട്ടടുത്ത വർഷം മുതൽ ഗസറ്റഡ് തസ്തികകളുടെ എണ്ണം പാതിയോളമായി വെട്ടി കുറച്ച് കാണിക്കാൻ തുടങ്ങിയത്.
തസ്തികകളുടെ എണ്ണം എങ്ങനെ കുറഞ്ഞുവെന്ന് വിവരാവകാശ നിയമപ്രകാരം വകുപ്പിനോട് ചോദിച്ചു. താൽകാലിക നിയമനങ്ങൾ ഒഴിവാക്കിയതോടെയാണ് തസ്തികകളുടെ എണ്ണം കുറഞ്ഞതെന്നാണ് മറുപടി. എന്നാൽ താൽകാലിക തസ്തികകളിൽ സംവരണം അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ പലപ്പോഴായുള്ള വിധികൾ നിലനിൽക്കെയാണ് ഈ അട്ടിമറി.
കഴിഞ്ഞ മാർച്ച് 11 ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയും അട്ടിമറി വെളിവാക്കുന്നതാണ്. ലാൻഡ് റവന്യൂ വകുപ്പിലെ മൊത്തം തസ്തികകളുടെയും അവയിൽ സംവരണ തസ്തികകളുടെയും എണ്ണം സംബന്ധിച്ച് പ്രാതിനിധ്യ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു റിപ്പോർട്ടാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ചത്.