തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയൊഴിഞ്ഞ് ആളുകൾ കൂട്ടമായെത്തിയതോടെ കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 15 ശതമാനം വർധിച്ച് രണ്ട് കോടിക്ക് മുകളിലെത്തി. 2,18,71,641 ആയാണ് ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചത്. 2022ൽ 1,88,67,414 ആഭ്യന്തര സഞ്ചാരികളായിരുന്നു എത്തിയത്. അതേസമയം, 87 ശതമാനം വർധനയോടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6,49,057 ആയി കൂടി. 2022ൽ 3,45,549 സഞ്ചാരികൾ എത്തിയിടത്താണ് ഈ വർധന. കോവിഡിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 18.97 ശതമാനമാണ് വർധിച്ചത്.
2023ൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത്, 44,87,930 പേർ. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂർ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് തുടർന്നു വരുന്നത്.
24 ശതമാനം വര്‍ധനയോടെ 43,621 കോടിയാണ് 2023ല്‍ കേരള ടൂറിസത്തിന് ലഭിച്ച വരുമാനം. 2022ല്‍ 35,168 കോടയായിരുന്നിടത്താണ് ഈ വളര്‍ച്ച. കോവിഡിന് മുമ്പ് 45,000 കോടിക്ക് മുകളില്‍ വരുമാനമുണ്ടായിരുന്നത് 2020ല്‍ 11,000 കോടിയിലേക്ക് ചുരുങ്ങിയിരുന്നു. 2021ല്‍ ലഭിച്ചത് 12,000 കോടിക്ക് മുകളില്‍ മാത്രം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയതും ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. ടൂറിസം രംഗത്തെ തിരിച്ചു വരവ് സംസ്ഥാന സര്‍ക്കാറിനും ആശ്വസിക്കാവുന്ന കാര്യമാണ്.