ഹൈദരാബാദ് : തെലുങ്കാനയിലെ സ്വകാര്യ ആശുപത്രിയിൽ വൻതീപിടിത്തം. ഗുഡിമൽകാപൂരിലെ അങ്കുര ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ആശുപത്രിയിലെ ആറാം നിലയില്‍ നിന്ന് തീപടരുകയായിരുന്നു. ആശുപത്രിയിലെ നഴ്സുമാരാണ് കെട്ടിടത്തിലെ ആറാം നിലയില്‍ താമസിച്ചിരുന്നത്. തീ പടര്‍ന്നതോടെ താമസ സ്ഥലത്തുണ്ടായിരുന്ന നഴ്സുമാര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
മുകളിലെ നിലയില്‍ നിന്ന് പടര്‍ന്ന തീ ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് പടരുകയായിരുന്നു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നി ശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി.
ആശുപത്രിക്കുള്ളില്‍ കുടുങ്ങിയ നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയും പുറത്തെത്തിച്ചു. തീ താഴത്തെ നിലയിലേക്ക് പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കി.
കെട്ടിടത്തില്‍ താമസിക്കുന്ന നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം കത്തി നശിച്ചു. അതേസമയം ആശുപത്രിയില്‍ അപകട സമയത്ത് എത്ര രോഗികള്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്താണ് തീപിടിത്തത്തിന്റെ കാരണം എന്നതും വെളിവായിട്ടില്ല.