പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നും ദല്ലാള്‍ എന്ന് അറിയപ്പെടുന്ന ടി ജി നന്ദകുമാറായിരുന്നു അതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും വെളിപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനാണ്. കേരളത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ കേന്ദ്രനേതൃത്വം ശ്രമിച്ചുവെന്നും എന്നാലത് പൂർണതോതിൽ ഫലം കണ്ടില്ലെന്നും ദല്ലാള്‍ നന്ദകുമാറും വ്യക്തമാക്കിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടി മുതല്‍ കെ സുധാകരന് വരെയുള്ളവർ ആ ലിസ്റ്റിലുണ്ടായിരുന്നുവെന്നും അയാള്‍ വെളിപ്പെടുത്തിയിരുന്നു. ബിജെപിയുടെ മിഷന് കേരളം പൊളിഞ്ഞുപാളീസായിപ്പോയെന്നും ഇതില്‍ കേന്ദ്രനേതൃത്വം ആകെ നിരാശരായെന്നുമാണ് ദല്ലാള്‍ നന്ദകുമാര്‍ വ്യക്തമാക്കിയത്.
കേരളത്തെ ലക്ഷ്യമാക്കി നീങ്ങിയ ബിജെപിക്ക് തുടക്കം മുതലേ കാര്യങ്ങള്‍ പിഴച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ആര്‍ക്കും വേണ്ടാത്ത കുറെ നേതാക്കളല്ലാതെ കോണ്‍ഗ്രസില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ തലപ്പൊക്കമുള്ള ആരെയും ബിജെപിക്ക് ലഭിച്ചില്ല. ഇതേക്കുറിച്ച് പലതവണ കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവേദ്കറിന് കേന്ദ്രനേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വന്നു. തമിഴ്നാട്ടിലേപ്പോലെ ഓളം കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തില്‍ ബിജെപി നേതൃത്വം നിരാശയിലുമായിരുന്നു. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളെ ദൂതന്മാർ വഴി ബിജെപി നേതൃത്വം ബന്ധപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തത് കൊണ്ട് കേന്ദ്രനേതാക്കള്‍ നേരിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. കോണ്‍ഗ്രസിൽ നിന്ന് പലരും സിപിഎമ്മിലേക്ക് പോയിട്ടും ആരും ബിജെപിയെ തിരിഞ്ഞുനോക്കിയില്ല. കെപിസിസി തലത്തിലുള്ള നേതാക്കളെ ബിജെപിക്ക് കിട്ടിയത് അനില്‍ ആന്റണിയും പത്മജയും എത്തിയപ്പോഴാണ്. മൂന്ന് സിപിഎം നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ഉറപ്പായ ഘട്ടം വരെയുണ്ടായെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഭരണം കയ്യിരിക്കുന്നത് കൊണ്ട് ഇടഞ്ഞു നിന്ന നേതാക്കളെ വിരട്ടി പാര്‍ട്ടിക്കുള്ളില്‍ നിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിച്ചത്ര ഒഴുക്കുണ്ടാകാത്തതാണ് ബിജെപിയെ കൂടുതൽ അമ്പരപ്പിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടിയതിന് പിന്നില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകരണമെന്നും അതുണ്ടാക്കുന്ന സ്പേസിലേക്ക് തങ്ങള്‍ക്ക് കയറാമെന്നുമുള്ള ബിജെപിയുടെ രാഷ്ട്രീയതന്ത്രം കൂടിയുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് വിശ്വസിച്ചിരുന്ന 25 ഓളം സീറ്റുകള്‍ ആ പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയത് ബിജെപിയുടെ ഈ നീക്കമായിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന നേമം അവര്‍ക്ക് കിട്ടാതിരിക്കാന്‍ കെ മുരളീധരനെ കോണ്‍ഗ്രസ് ഇറക്കിയോതോടെ ബിജെപിയുടെ രോഷം കനത്തു. തുടർന്ന് അരുവിക്കര, തിരുവനന്തപുരം ഈസ്റ്റ്, നെടുമങ്ങാട് തുടങ്ങിയ ഇടങ്ങളിൽ കോണ്‍ഗ്രസ് തോറ്റു. ബിജെപി ഇടപെടല്‍ കൊണ്ടുതന്നെ കേരളത്തിലെ മറ്റു പല മണ്ഡലങ്ങളും ചെറിയ മാര്‍ജിന്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു.
എന്നാല്‍ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് ശിഥിലമായില്ല. മുസ്ളീംലീഗ് ഇടതുമുന്നണിയിലേക്ക് പോയില്ല. മലപ്പുറം സഹകരണബാങ്ക് തട്ടിപ്പ് അടക്കമുള്ള കേസുകള്‍ മുറുക്കി പിടിച്ച് ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടിയത്. എന്നാല്‍ അത് സാധിച്ചില്ല. യുഡിഎഫ് പഴയതുപോലെ തുടരുകയും തൃക്കാക്കര, പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിയുടെ കോണ്‍ഗ്രസ് തിരക്കഥ പാളാന്‍ തുടങ്ങിയത്. പോയവരില്‍ കൂടുതലും സിപിഎമ്മിലേക്കായത് ആ പാര്‍ട്ടിക്കും കൂറുമാറിപ്പോയ നേതാക്കള്‍ക്കും ഗുണകരമായി.പിണറായി വിജയനോട് തെറ്റി സിപിഎം വിടാന്‍ രണ്ടുവട്ടം തുനിഞ്ഞ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനുവേണ്ടി ബിജെപി അതിശക്തമായ വലയാണ് വിരിച്ചത്. എന്നാല്‍ അതും പൊട്ടി. ഇപിയുടെ ആത്മവിശ്വാസക്കുറവ് തന്നെയാണ് കാരണമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. മൂന്നാര്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും ബിജെപിയുടെ പടിവാതിക്കല്‍ വരെയെത്തിയതാണ്. ഇപിയേപ്പോലെ രാജേന്ദ്രനെയും ഭയപ്പെടുത്തിയാണ് പിന്മാറ്റിച്ചതെന്ന് ബിജെപി നേതൃത്വം പറയുന്നു.
ഏതായാലും കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും നേതാക്കള്‍ക്കായി ബിജെപി കേരളത്തില്‍ വിരിച്ച വലയുടെ പൊട്ടിപ്പൊളിഞ്ഞു പോയി എന്നാണ് പാർട്ടി നേതാക്കള്‍ തന്നെ പറയുന്നത്. കേരളത്തില്‍ ഇനിയും ബിജെപിക്ക് തങ്ങളുടെ ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അത്തരമൊരു അവസ്ഥയിൽ വലയുമായി ഇറങ്ങിയാല്‍ പൊടിമീനുകളെപ്പോലും കിട്ടാൻ പാടാണ്. അതിപ്പോഴും കേന്ദ്രബിജെപി നേതൃത്വത്തിന് മനസിലായിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയം വടക്കേ ഇന്ത്യയിലേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ബിജെപി നേതൃത്വം മനസിലാക്കാന്‍ വൈകി.