ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ ഇഡി അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം ചെയ്യുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കസ്റ്റഡിയിൽ കെജ്രിവാളിന് കടലാസോ പേനയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ എങ്ങനെ ഉത്തരവിൽ ഒപ്പിട്ടു എന്നതാണ് ഇഡി തിരക്കുക. കെജ്രിവാളിന്റെ ഒപ്പുള്ള ടൈപ്പ് ചെയ്ത ഉത്തരവാണ് മന്ത്രി അതിഷി പുറത്തിവിട്ടത്. ജയിലിൽ ഇരുന്നും കെജ്രിവാൾ ഭരിക്കുമെന്ന ആം ആദ്മിയുടെ നിലപാട് ശരിവെക്കുന്ന തരത്തിൽ കസ്റ്റഡിയിൽ നിന്നും ഉത്തരവ് ഇറങ്ങിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായ സാഹചര്യത്തിലാണ് അതിഷിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.രാജ്യതലസ്ഥാനത്തെ ജലവിതരണവും മലിനജല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ഉത്തരവാണ് കെജ്രിവാൾ ജയിലിൽ നിന്നും ഇറക്കിയത്. മുഖ്യമന്ത്രിയുടെ ലെറ്റർ പാഡിൽ ജലവകുപ്പ് മന്ത്രി അതിഷി മർലേനയ്ക്കാണ് ഉത്തരവ് നൽകിയത്.
ചില പ്രദേശങ്ങളിൽ ജലവിതരണവും മലിനജല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. താൻ ജയിലിലായെങ്കിലും ജനങ്ങൾ ഒരുതരത്തിലും ബുദ്ധിമുട്ടരുത്. വേനൽ അടുത്തതോടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് ടാങ്കറുകൾ ഉറപ്പാക്കണം. ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകണം. ആവശ്യമെങ്കിൽ ലെഫ്. ഗവർണറുടെ സഹായം തേടുക. അദ്ദേഹം നിരസിക്കില്ല– കെജ്രിവാൾ ഉത്തരവിൽ പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിലും തന്നെക്കുറിച്ചല്ല ഡൽഹിയിലെ ജനങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്തയെന്ന് അതിഷി പ്രതികരിച്ചു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ കൈയിൽ ലഭിച്ചപ്പോൾ താൻ കരഞ്ഞുപോയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ശനി രാത്രിയാണ് അതിഷിക്ക് ഉത്തരവ് ലഭിച്ചത്.