പിവി അന്‍വര്‍ മെരുങ്ങിയതെങ്ങിനെ? സിപിഎമ്മില്‍ നിന്നുകിട്ടുന്ന സൂചനകളനുസരിച്ച് മുഖ്യമന്ത്രി നടത്തിയ ‘റിവേഴ്സ് ബ്ളാക്ക് മെയിലിംഗിലാണ’് പിവി അന്‍വര്‍ മെരുങ്ങിയതെന്ന് വ്യക്തമാവുകയാണ്. പി ശശിക്കും, എഡിജിപി എംആര്‍ അജിത്ത് കുമാറിനും പിവി അന്‍വറിന്റെ നീക്കങ്ങളെക്കുറിച്ച് മുന്‍പെ തന്നെ അറിവുകിട്ടിയരുന്നുവെന്നാണ് സിപിഎം കേന്ദ്രങ്ങളില്‍ ലഭിക്കുന്ന സൂചന. പിവി അന്‍വറും മുഖ്യമന്ത്രിയുടെഓഫീസും തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് സിപിമ്മില്‍ നിന്നും ലഭിക്കുന്ന വിവരം.
മലപ്പുറം എസ്പി ശശിധരനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിവി അന്‍വറിന്റെ പെട്ടന്നുള്ള പ്രകോപനത്തിന് കാരണം. ശശിധരനെ മാറ്റുന്ന കാര്യത്തില്‍ ശശിയും അജിത്ത്കുമാറും അമ്പിനും വില്ലിനും അടുത്തില്ല. ഇതാണ് അക്ഷരാര്‍ത്ഥത്തില്‍ പിവി അന്‍വറിനെ പ്രകോപിപ്പിച്ചത്. അന്‍വര്‍ പറയുന്നതൊന്നും മലപ്പുറം എസ് പി ശശിധരന് കേള്ക്കുന്നില്ലന്ന ആരോപണം നേരത്തെ തന്നെ സിപിഎം വൃത്തങ്ങളിലുണ്ടായിരുന്നു. കെ ടി ജലീലിനും സമാനമായ അനുഭവമുണ്ടായിരുന്നു. എന്നാല്‍ പി ശശിയോട് ഇവര്‍ക്കാര്‍ക്കും ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
പി ശശിക്കും എംആര്‍ അജിത്ത്കുമാറിനും അന്‍വറിന്റെ നീക്കങ്ങളെക്കുറിച്ച് ഏതാണ്ട് ഒരു മാസം മുമ്പെങ്കിലും അറിവുകിട്ടിയിരുന്നുവെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു അവര്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. മുഖ്യമന്ത്രിക്കും അന്‍വര്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പിവി അന്‍വറിനെ പ്രതിരോധത്തിലാക്കുന്ന പ്രധാനപ്പെട്ട ചില തെളിവുകളും രേഖകളും പി ശശിയും അജിത്ത് കുമാറും ശേഖരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹവും ഈ തെളിവുകളെയും രേഖകളെയും കുറിച്ച് പിവി അന്‍വറിനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. അതോടെ കൊടുങ്കാറ്റ് പോലെ സെക്രട്ടറിയേറ്റിലേക്ക് കയറി വന്ന നിലമ്പൂര്‍ എംഎല്‍എ ഇളംങ്കാറ്റുപോലെ മടങ്ങിപ്പോയി.
രാഷ്ട്രീയത്തിലും കോര്‍പ്പറേറ്റ് മേഖലയിലും പൊതുവെ പറയുന്ന ‘ റിവേഴ്സ് ബ്ളാക്ക് മെയിലിംഗ്’ ആണ് ഇവിടെ സംഭവിച്ചതെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും, അഡീഷണല്‍ ഡിജിപിയെയും പ്രതിരോധത്തിലാക്കാന്‍ ഏത് തന്ത്രമാണോ പിവി അന്‍വര്‍ പ്രയോഗിച്ചത് അത് തന്നെ നേരെ തിരിച്ച് അന്‍വറിനെതിരെ അവര്‍ പ്രയോഗിച്ചു. അതും മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയോടെ. അടുത്ത സമ്മേളനത്തോടെ പിശശി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുമെന്ന സൂചന ശക്തിയായതോടെ സിപിഎമ്മില്‍ ചിലവര് അതിനെ തടയാ്ന് പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രിക്കറിയാമായിരുന്നു. അതുകൊണ്ട് ശശിക്കെതിരായ നീക്കം അനുവദിക്കാന്‍ പാടില്ലന്ന് അദ്ദേഹം ദൃഡനിശ്ചയം ചെയ്തു. എഡിജിപി അജിത്ത് കുമാറിനെതിരെമാത്രമായി നടപടിയെടുത്താല്‍ എന്തുകൊണ്ട് ശശിക്കെതിരെ നടപടിയെടുക്കുന്നില്ല എന്നചോദ്യം ഉയര്‍ന്നുവരുമെന്ന് മാത്രമല്ല അത് പിന്നീട് വിവാദമാവുകയും ചെയ്യും. ഇതുമനസിലാക്കിക്കൊണ്ടു തന്നെ ശശിക്കെതിരായ നീക്കം മുളയിലേനുള്ളുകയാണ് പിണറായി ചെയ്തത്.
ഇതിനിടയില്‍ പിവി അന്‍വര്‍ കാരാട്ട് റസാഖ് കെ ടി ജലീല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശശിക്കെതിരെ കുറുമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം തന്നെ ദുര്‍ബലപ്പെടുത്താന്‍ ആരുനീക്കം നടത്തുന്നോ അവരെ നിഷ്കരുണം ഒതുക്കുക എന്നതിനാണ് അദ്ദേഹം പ്രധാന പരിഗണന നല്‍കുന്നത്. അതോടൊപ്പം അന്‍വറും കെടി ജലീലും മുന്നോട്ടുവച്ച ചില ആവശ്യങ്ങളെ കാര്യമായി പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം നല്‍കിയെന്നറിയുന്നു. ഇനിയും അവര്‍ ആരെങ്കിലും എപ്പോഴെങ്കിലും കലാപക്കൊടിയുയര്ത്താന് ശ്രമിക്കുമെന്ന സൂചനയുള്ളതുകൊണ്ടാണ് അവരുടെ ചില ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിവര്‍ത്തിച്ചു നല്‍കാമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കിയത്.
പിശശിയെ കൈവിട്ടുകൊണ്ടുള്ള ഒരു കളിക്കും താന്‍ ഒരുക്കമല്ലന്ന സൂചന മുഖ്യമന്ത്രി നല്‍കിയത് പിവി അന്‍വറിന് മാത്രമല്ല.സിപിഎമ്മിലെ കടുത്ത ശശി വിരുദ്ധരായ നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു അത്. എംവി ഗോവിന്ദന് മുതല്‍ പി ജയരാജന് വരെയുള്ള കണ്ണൂര്‍ ലോബിയിലെ നേതാക്കളെല്ലാം ശശിക്കെതിരാണ്. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ സംസ്ഥാന സമിതിയോഗത്തില്‍ തുറന്നെതിര്‍ത്ത നേതാവാണ് പിജയരാജന്. ഇനിയും ശശിക്കെതിരെ ഇവര്‍ കുറുമുന്നണിയുണ്ടാക്കുമെന്നും പിണറായിക്ക് നന്നായി അറിയാം.ഇതെല്ലാം മുന്‍കൂട്ടി തടയാനുള്ള നീക്കമാണ് ശശിയെ കൈവിടില്ലന്ന സൂചനയിലൂടെ അദ്ദേഹം നല്‍കുന്നത്. പിവി അന്‍വര്‍ മാത്രമല്ല അന്‍വറിനെ പിന്തുണച്ച സിപിഎം നേതാക്കളും പിണറായിയുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് വ്യക്തം.