ഇടുക്കി: മണിയാറന്‍കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം. കിടപ്പുരോഗിയായിരുന്ന തങ്കമ്മ(80) ആണ് മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന് സജീവനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. മദ്യപിച്ച ശേഷം വീട്ടിലെത്തിയ സജീവന് അമ്മയ്ക്ക് ഭക്ഷണം കൊടുത്തെങ്കിലും ഇവര്‍ കഴിക്കാന്‍ തയാറായില്ല. നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഭക്ഷണം തുപ്പിക്കളഞ്ഞു. ഇതോടെ ഇയാള്‍ കൈയിലുണ്ടായിരുന്ന ചില്ല് ഗ്ലാസ് ഉപയോഗിച്ച് തങ്കമണിയുടെ മുഖത്ത് ഇടിച്ചു. ഇതിനിടെ താഴെവീണ ഇവരുടെ തല കട്ടിലില്‍ ഇടിപ്പിക്കുകയായിരുന്നു. പിന്നീട് അമ്മ കട്ടിലില്‍നിന്ന് വീണെന്ന് ഇയാള്‍ അയല്‍ക്കാരെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തങ്കമണി മരിച്ചത്. തലയില്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.