കോഴിക്കോട് : ഗവ. ബീച്ച് ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ചികിത്സ വൈകി. ഇന്നലെ രാത്രി ഏഴോടെയാണ് ജോലിയ്ക്ക് വരാൻ വൈകിയത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റം നടന്നത്. അല്പസമയം കഴിഞ്ഞതോടെ ഇത് കയ്യാങ്കളിയിലെത്തുകയായിരുന്നു.
അത്യാഹിത വിഭാഗത്തിൽ ചികിത്സ നടക്കുമ്പോഴായിരുന്നു സംഘർഷം. പിന്നീട് ഹൗസ് സർജന്മാരുടെ മുറിയിലേക്ക് സംഘർഷം നീണ്ടു. അര മണിക്കൂറോളം നീണ്ട പ്രശ്നം മുതിർന്ന ഡോക്ടർമാരും മറ്റുമെത്തി തടയുകയായിരുന്നു. സംഘർഷം നടക്കുമ്പോൾ മുപ്പതിലേറെ രോഗികൾ പേർ ചികിത്സയ്ക്കായി ഇവിടെ ഉണ്ടായിരുന്നു.സംഘർഷത്തെ തുടർന്ന് ചികിത്സ വൈകിയതോടെ രോഗികളും ഒപ്പം വന്നവരും പ്രതിഷേധിക്കുകയും ചെയ്തു.
ഡോക്ടർമാരുടെ ഏറ്റുമുട്ടൽ കണ്ട് എന്തുചെയ്യണമെന്നറിയാൻ കഴിയാത്ത അവസ്ഥയിലായി രോഗികൾ. ഇതിനിടെ രോഗികളോടൊപ്പം എത്തിയ ചിലർ ഹൗസ് സർജന്മാരുടെ മുറിയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അടിപിടിക്കിടെ ഒരു ഹൗസ് സർജന്റെ ഷർട്ട് കീറിപ്പോവുകയും ചെയ്തു. അതേസമയം, ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും രോഗികൾക്ക് ചികിത്സ വൈകിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.