കൊച്ചി : ചികിത്സയിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും അവർക്ക് സാന്ത്വനവും വിനോദവും നൽകുവാനുമായി യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഹാസ്യ കലാരൂപമായ ‘ഹോസ്പിറ്റൽ ക്ലൗണിങ്’ അമൃതആശുപത്രിയിൽ അരങ്ങേറി.
ഫ്രാൻസിൽ നിന്നുള്ള ക്ലൗണിങ് കലാകാരന്മാരായ പിന ബ്ലാങ്കഫോർട്ട്, ബ്രൂണോ ക്രിയസ്, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവതരണം രോഗികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവമായി.ഫ്രാൻസിലെ പ്രൊഫഷണൽ ക്ലൗണിങ് സംഘടനയിൽ അംഗമായ പിന 2016 ലാണ് അമൃത ആശുപത്രിയിൽ ആദ്യമായി ഹോസ്പിറ്റൽ ക്ലൗണിങ്അവതരിപ്പിച്ചത്.
ഇത് നാലാം തവണയാണ് പിനയും സംഘവും കേരളത്തിൽ എത്തുന്നത്. അമൃത ആശുപത്രിയിലെ കുട്ടികളുടെ വാർഡുകളും ഓ.പി വിഭാഗങ്ങളുമാണ് ക്ലൗണിങിന്റെ പ്രധാന വേദി.
ഈ വ്യത്യസ്ത കലാരൂപത്തെ അടുത്തറിയാനും പരിശീലനം നേടാനും ഏതാനും മലയാളി കലാകാരന്മാരും ഒപ്പമുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി ബാല്യകാല അർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി മെഡിക്കൽ വിദ്യാർഥികളുടെയും പാരാമെഡിക്കൽ അംഗങ്ങളുടെയും നേതൃത്വത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
അമൃത ആശുപത്രിയിലെ ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്റർനാഷണൽ ചൈൽഡ്ഹുഡ് കാൻസർ ദിനം ആഘോഷം സംഘടിപ്പിച്ചത്.
അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, ഡോ. സൗരഭ് രാധാകൃഷ്ണൻ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. രാകേഷ് എം, ഡോ. മനോജ് ഉണ്ണി, ഡോ. രഹന, ഡോ. രമാ ജി , ഡോ. ഗായത്രി എസ് എന്നിവർ നേതൃത്വം നൽകി.