പത്തനംതിട്ട : ഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. 16 കാരിയെ ഹൈക്കോടതി അഭിഭാഷകന് ബലാല്‍സംഗം ചെയ്തെന്ന കേസില്‍, ഒത്തുതീര്‍പ്പിനായി പ്രതി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ ഓഫീസിലെത്തി. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയര്‍മാന്റെ ഓഫീസില്‍ നേരിട്ടുപോയി കേസ് സ്വാധീനിക്കാനോ ഒത്തുതീര്‍പ്പാക്കാനോ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി കടുത്ത നിലപാട് എടുത്തതോടെ ഒത്തുതീര്‍പ്പ് ശ്രമം പാളി. എന്നിട്ടും 10 ദിവസം കഴിഞ്ഞാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് റിപ്പോര്‍ട്ട് കൈമാറുന്നതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ കേസില്‍ കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെന്‍ഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ ഗൗരവമേറിയ കണ്ടത്തലുകള്‍ പരാമര്‍ശിക്കുന്നത്.
ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെന്‍ഡ് ചെയ്തത്. കോന്നിയില്‍ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയ അഭിഭാഷകനാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.