തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, എംജി സർവകലാശാലകളും എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അതേസമയം, ഇടുക്കി, കോട്ടയം ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടാകില്ല. കോട്ടയം, ഇടുക്കി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചത്. കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗനവാടികൾ, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്. കോളജുകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.