തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/10/2023ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും കലക്ടർ നിർദേശിച്ചു.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.