റായ്പൂർ : ഹിന്ദു വിദ്യാർഥിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ സഭയുടെ നഴ്സിങ് കോളജിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്, ബജ്റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജാഷ്പൂരിൽ ഹിന്ദു ആക്രോശ് റാലി സംഘടിപ്പിച്ചത്. സാലിയാതോലിയിൽ നിന്ന് ആരംഭിച്ച റാലി സ്തംഭ് ചൗക്കിലാണ് സമാപിച്ചത്.
റാലിക്ക് ആചാര്യ രാകേഷ്, ബജ്റംഗ് ദൾ ജില്ലാ പ്രസിഡന്റ് വിജയ് ആദിത്യ സിങ് ജുദേവ് എന്നിവർ നേതൃത്വം നൽകി. സേവനത്തിന്റെ പേരിൽ എങ്ങനെയാണ് മതപരിവർത്തനം നടത്തുന്നതെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ആചാര്യ രാകേഷ് പറഞ്ഞു. കോളജിന്റെ പ്രിൻസിപ്പൽ ഉൾപ്പെടെ സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്യാർഥി പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കോളജ് അധികൃതർ തയ്യാറായിട്ടില്ലെന്ന് ആദിത്യ സിങ് ജുദേവ് പറഞ്ഞു.
കുങ്കുരിയിലെ ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിൻസിപ്പലായ വിൻസി ജോസഫ് തന്നെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് അവസാന വർഷ വിദ്യാർഥിയായ അമീഷാ ബായിയുടെ ആരോപണം. കോളജിൽ അഡ്മിഷൻ നേടി മൂന്ന് മാസത്തിനുള്ളിൽ തന്നെ പ്രിൻസിപ്പൽ മതം മാറാൻ പ്രേരിപ്പിച്ചിരുന്നു. ആദ്യമൊക്കെ അത് അവഗണിച്ചെന്നും എന്നാൽ പിന്നീട് അത് നിർബന്ധമായി മാറിയെന്നും വിദ്യാർഥി പറഞ്ഞു. കന്യാസ്ത്രീയായി മാറണം എന്നായിരുന്നു പ്രിൻസിപ്പലിന്റെ ആവശ്യം. ഇത് സമ്മതിക്കാത്തതിനെ തുടർന്ന് കോളജ് മാനേജ്മെന്റ് ദ്രോഹിക്കാൻ തുടങ്ങിയെന്നും ഹാജർ രേഖപ്പെടുത്താൻ തയ്യാറായില്ലെന്നും അമീഷാ ബായ് പറയുന്നു.
കോളേജ് മാനേജ്മെന്റ് തന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും കോളജ് പരിസരത്ത് പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് അമീഷാ ബായ് ആരോപിക്കുന്നു. 2025 ഏപ്രിൽ ഒന്നിന് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും പരീക്ഷ എഴുതുന്നതിൽ നിന്ന് തടയുകയും ചെയ്തു. പരാതിയുമായി അധികാരികളെ സമീപിച്ചതിനെ തുടർന്നാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്. പക്ഷേ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഈ വിഷയത്തിൽ കലക്ടർക്കും എസ്പിക്കും രേഖാമൂലം പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നും വിദ്യാർഥി പറയുന്നു.
മകളുടെ ചെറിയ തെറ്റുകൾക്ക് പോലും തങ്ങളെ കോളജിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയാണെന്ന് പെൺകുട്ടിയുടെ പിതാവും ആരോപിച്ചു. മകളെ കന്യാസ്ത്രീയാക്കണം എന്നാണ് പ്രിൻസിപ്പൽ ആവശ്യപ്പെടുന്നത്. കോളജിലെ പീഡനത്തെക്കുറിച്ച് മകൾ പലതവണ തന്നോട് പറഞ്ഞിരുന്നു. തങ്ങൾ ദരിദ്രരായതിനാൽ മകളുടെ വിദ്യാഭ്യാസത്തിന് മറ്റു വഴികളില്ലെന്നും പിതാവ് പറഞ്ഞു.