ന്യൂഡല്‍ഹി: നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന് പരിഹാസ രൂപേണ മറുപടി നല്‍കിയത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് എഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്ക്കുന്ന തന്റെ ചിത്രം പോസ്റ്റിന് കീഴിലാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്.
ഉദയനിധി സ്റ്റാലിനെ പോലുള്ള നീതിക്കെട്ടവരെ തിരിച്ചറിയണമെന്ന് പറഞ്ഞു കൊണ്ട് ഉദയനിധി സ്റ്റാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ബിജെപി പോസ്റ്റ് ചെയ്തത്. രാമക്ഷേത്രത്തെ വെറുക്കുന്ന ഇക്കൂട്ടര്‍ സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ബിജെപിയുടെ പോസ്റ്റില്‍ ഉള്ളത്. സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല. പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് സ്റ്റാലിന്റെ പ്രസ്താവന വിവാദം ഉണ്ടാക്കിയിരുന്നു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കമുള്ളവര്‍ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.