ആഗ്ര: താജ്മഹലിലെ ഉറൂസ് ആഘോഷത്തിനെതിരേ ആഗ്ര കോടതിയില്‍ ഹര്‍ജി. ഉറൂസ് നിരോധിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് കോടതിയെ സമീപിച്ചത്.ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ താജ്മഹലിന് സമീപമാണ് ഉറൂസ് ആഘോഷങ്ങള്‍ നടക്കുക.
ഷാജഹാന് ചക്രവര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമാണ് പരിപാടി. ഇത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുഗളന്മാരോ അതിന് ശേഷം വന്ന ബ്രിട്ടീഷുകാരോ താജ്മഹലിന് സമീപം ഉറൂസ് ആഘോഷത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇതുസംബന്ധിച്ച വിവരാവകാശ രേഖ തങ്ങളുടെ കൈവശമുണ്ടെന്നും ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നുണ്ട്.
ഉറൂസ് ആഘോഷത്തിന്റെ ഭാഗമായി ആളുകളെ സൗജന്യമായി താജ്മഹലില്‍ പ്രവേശിപ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി പരിഗണിച്ചില്ല. അടുത്ത മാസം നാലിന് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി.