ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിമാചല്‍പ്രദേശ് സര്‍ക്കാരിനെ പൊളിക്കാന്‍ ബി ജെ പി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ആദ്യമൊന്നും കരുതിയില്ല. എന്നാല്‍ അറിഞ്ഞപ്പോഴേക്കും പാര്‍ട്ടി മുന്‍കരുതല്‍ എടുത്തത് കൊണ്ട് സോണിയാഗാന്ധി രക്ഷപെട്ടു. റായ്ബറേലി ലോകസ്ഭാ സീറ്റ് ഉപേക്ഷിച്ച സോണിയ ഹിമാചലില്‍ നിന്നും രാജ്യസഭയിലെത്താനാണ് ആദ്യം ആഗ്രഹിച്ചത്. അതനുസരിച്ച് കാര്യങ്ങള്‍ മുമ്പോട്ടു പോവുകയും ചെയ്തു. അപ്പോഴാണ് അപകടസൂചന എഐസിസി വൃത്തങ്ങള്‍ക്ക് ലഭിച്ചത്. അതോടെ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ സോണിയാഗാന്ധി തിരുമാനിച്ചു.
ഹിമാചലില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്ത്ഥിയാരായാലും തോല്‍പ്പിക്കാനുള്ള കരുക്കള്‍ ബി ജെ പി നേരത്തെ ഒരുക്കിയിരുന്നു. സോണിയാഗാന്ധിക്ക് പകരം ഹിമാചലില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിച്ച കോണ്‍ഗ്രസ് വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ മനു അഭിഷേഖ് സിംഘ്വിയെ ബി ജെ പി പരാജയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ള ഹിമാചല്‍ നിയമസഭയില്‍ ആറ് കോണ്‍ഗ്രസ് എം എല്‍എമാര്‍ ബിജെപിക്കനുകൂലമായി ക്രോസ് വോട്ടിംഗ് ചെയ്താണ് സിംഘ്വിയെ പരാജയപ്പെടുത്തിയത്. ആറ് പേര് ക്രോസ് വോട്ടു ചെയ്തപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ബി ജെ പിയിലെ ഹര്‍ഷ് മഹാജനും അഭിഷേക് സിംഘ് വിക്കും 34 വോട്ടുകള്‍ വീതം ലഭിച്ചു. പിന്നീട് നറുക്കിട്ടപ്പോള്‍ മഹാജന് വിജയിക്കുകയും ചെയ്തു. ഇതോടെ സുഖ് വീന്ദര്‍സിംഗ് സുഖു മന്ത്രിസഭയുടെ ഭാവി തുലാസിലായി.
നാല്‍പ്പത് സീറ്റുകളാണ് ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിക്ക് 25 എം എല്‍ എമാരും.
ഹിമാചലിലെ മുടിചൂടാമന്നനായിരുന്ന കോണ്‍ഗ്രസ് നേതാവ് വിരഭദ്രസിംഗിന്റെ മകന് വിക്രമാദിത്യസിംഗാണ് ഈ പൊട്ടിത്തെറികള്‍ക്കെല്ലാം പിന്നില്‍. വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാഠാക്കൂറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാതെയാണ് സുഖവീന്ദര്‍ സിംഗ് സുഖുവിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അവിടെ മുതല്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചു. തന്റെ പിതാവായ വീരഭദ്രസിംഗിനെ മുഖ്യമന്ത്രി സുഖു നിരന്തരം അവഹേളിക്കുകയാണെന്ന് വിക്രമാദിത്യസിംഗ് ആരോപിക്കുകയും അതേ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ അദ്ദേഹം മന്ത്രി സഭയില്‍ നിന്നും രാജിവയ്കുകയും ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു വീരഭദ്രസിംഗ്. അദ്ദേഹത്തിന്റെ കുടുംബത്തെ അവഗണിച്ചു മുന്നോട്ടുപോവുക കോണ്‍ഗ്രസിന് അവിടെ എളുപ്പമല്ല. വിക്രമാദിത്യസിംഗിനെ അനുകൂലിക്കുന്ന ഇരുപത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇപ്പോള്‍ തന്നെ സുഖവീന്ദര്സിംഗ് സുഖു മാറണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് മുഖ്യമന്ത്രി സുഖുവിന് ഇനി നിയമസഭയില്‍ വിശ്വാസവോട്ട് തേടേണ്ടി വരും. അതില്‍ പരാജയപ്പെട്ടാല്‍ മന്ത്രിസഭക്ക് രാജിവയ്കുകയല്ലാതെ വേറെ വഴിയില്ല. ഇപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ഭരണം ഉള്ള ഏകസംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അത് കൊണ്ട് തന്നെ അവിടെ കോണ്‍ഗ്രസ് ഭരണം വീഴ്ത്താന്‍ ബി ജെ പി ഏതുകളിയും കളിക്കും. എന്നാല്‍ എന്ത് വിലകൊടുത്തും ഭരണം നിലനിര്‍ത്തുമെന്ന വാശിയിലാണ് മുഖ്യമന്ത്രി സുഖു, വിശ്വാസവോട്ടെടുപ്പിന് താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അദ്ദേഹം അറിയിച്ചു കഴിഞ്ഞു.പ്രതിസന്ധി പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭുപീന്ദര്‍ സിങ് ഹൂഡയെയും ഭൂപേഷ് ബാഗലിനെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ഹിമാചലിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാജീവ് ശുക്ലയോട് കോണ്‍ഗ്രസ് എംഎല്‍എ മാരുമായി നിരന്തരം ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കടുത്ത ഭാഷയിലാണ് ബി ജെ പിയെ വിമര്‍ശിച്ചത്.ബിജെപിയുടെ ഓപ്പറേഷന് ലോട്ടസിലൂടെ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ ‘ മാന്‍ഡേറ്റ്’ ഒരിക്കലും ഞങ്ങള്‍ നഷ്ടപ്പെടുത്തില്ല, ജനങ്ങള്‍ക്ക് മാത്രമേ അത് തിരിച്ചെടുക്കാന്‍ കഴിയുവെന്നാണ് ജയറാം രമേശ് പറഞ്ഞത് നേരത്തെ മധ്യപ്രദേശിലും ഗോവയിലും മഹാരാഷ്ട്രയിലും ബിജെപി ഈ കളി തന്നെയാണ് കൡച്ചത്, ഇനി അതിന് വഴങ്ങിക്കൊടുക്കാന്‍ കഴിയില്ലന്നും ജയറാം രമശ് ഉറപ്പിച്ചു പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഏക അജണ്ട എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും താഴെ ഇറക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് നോക്കിയിരിക്കാന്‍ കഴിയില്ലന്നായിരുന്നു ജയറാം രമേശിന്റെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും നിലപാട്.
എന്നാല്‍ ബി ജെ പിയാകട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹിമാചലില്‍ സര്‍ക്കാരുണ്ടാക്കുമെന്ന വാശിയില്‍ നീങ്ങുകയാണ്. അങ്ങിനെ സംഭവിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന രാഷ്ട്രീയ സാധ്യതകളെക്കൂടി അത് വലിയ തോതില്‍ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.