ബെംഗളൂരു : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി സിദ്ധരാമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഹിജാബ് അനുവദിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരാൾ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. നിരോധനം അവസാനിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. പക്ഷേ, സർക്കാർ ഉദ്യോഗസ്ഥരുമായി ആദ്യം ഇക്കാര്യം ചർച്ചചെയ്യും. ’- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
മൈസൂരു സർവകലാശാലയിൽ നടന്ന ഒരു പരിപാടിക്കിടയിലാണ് ഹിജാബ് നിരോധനം നീക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങിയതായാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനും എവിടെയും പോകാനുമുള്ള സ്വാതന്ത്രവും ഉണ്ട്. ഒരിടത്തും ഹിജാബ് നിരോധനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും, വിദ്യാര്‍ഥികളില്‍ തുല്യത നല്‍കുന്നതാണ് യൂണിഫോമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.