കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി പ്രതാപന്, ഭാര്യ ശ്രീന, സ്വര്‍ണക്കടത്തുകേസിലെ പ്രതി വിജേഷ് പിള്ള എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു.ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്, ശ്രീന എന്നിവര്‍ ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
തിങ്കളാഴ്ച ഇഡിക്കു മുന്നില്‍ ഹാജരായ ഇരുവരെയും രാത്രി വൈകിയും ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഒളിവിലായിരുന്നു.പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്.കേസില്‍ വിജേഷ് പിള്ളയേയും ഇഡി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ഇഡി ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇന്നും ഇഡി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.