തിരുവനന്തപുരം: ഭരണാനുകൂല വിദ്യാർഥി സംഘടനയുടെ പ്രതിഷേധ ഭീഷണിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവൻ അധികൃതരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ചർച്ച ഇന്നു നടക്കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ സഞ്ചാരപാതയിലും പൊതു പരിപാടികളിലും താമസ സ്ഥലത്തും ഏതു തരത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കാര്യത്തിലാണ് രാജ്ഭവൻ അധികൃതരുടെ കൂടി അഭിപ്രായം പോലീസ് തേടുന്നത്.
രാജ്ഭവൻ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും സുരക്ഷാ സംവിധാനം ഒരുക്കുന്ന കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുക. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വിവിഐപി സഞ്ചരിക്കുന്പോൾ വാഹനങ്ങൾ തടഞ്ഞിട്ടും റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചും സുരക്ഷ ഒരുക്കേണ്ടതുണ്ടോയെന്നാണു പോലീസ് പ്രധാനമായി അഭിപ്രായം തേടുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സഞ്ചരിക്കുന്പോൾ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് സഞ്ചാരപാത ഒരുക്കുന്നത്.
സർവകലാശാല കാംപസുകളിൽ ഗവർണറെ കയറ്റാൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ ഭീഷണി അവഗണിച്ച് 16 മുതൽ 18 വരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കാലിക്കട്ട് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുകയും സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ഇതിന് ഏതു തരത്തിലുള്ള സുരക്ഷ ഒരുക്കണമെന്ന കാര്യത്തിലും പോലീസ് ഉന്നതർക്കിടയിൽ അങ്കലാപ്പുണ്ട്.
അതേസമയം, ഗവർണർക്ക് കർശന സുരക്ഷ ഉറപ്പു വരുത്തണമെന്നു രാജ്ഭവൻ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ പരിപാടിയുടെയും മറ്റും വിശദാംശങ്ങൾ രാജ്ഭവനിൽ നിന്നു പോലീസിനു കൈമാറിയിട്ടുണ്ട്. ഇവിടുത്തെ ഗസ്റ്റ് ഹൗസിൽ ഗവർണർ മുൻപും താമസിച്ചിരുന്നു. പക്ഷെ രാജ്ഭവൻ പോലെ സുരക്ഷിത മേഖല അല്ല. സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരും.
അക്രമ മാർഗത്തിലൂടെ പ്രതിഷേധിക്കുന്നവർക്ക് എതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഗവർണർ. സംസ്ഥാന സർക്കാരിന്റെ തലവന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ബന്ധപ്പെട്ടവർക്ക് എതിരെ ക്രിമിനൽ ചട്ടപ്രകാരം നടപടി വേണമെന്നുമുള്ള കടുത്ത നിലപാടാണു ഗവർണർ സ്വീകരിച്ചിട്ടുള്ളത്.