കൊച്ചി : റോബിന് ബസിന്റെ ഓള് ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ടു നല്‍കണമെന്നും കോടതി പറഞ്ഞു.
തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടികാട്ടിയാണ് എംവിഡി റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച ബസ് എംവിഡി പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ആരോപിച്ച് പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. എഐടിപി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ.മനോജ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം.