കൊച്ചി: മലയാളം സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെനറ്റിലേക്കും വിദ്യാര്‍ഥി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്.
നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിലും സൂക്ഷ്മ പരിശോധനയിലും അട്ടിമറി ഉണ്ടായെന്നായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകരുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മൂന്ന് എംഎസ്എഫ് സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തി നാമ നിര്‍ദേശ പത്രിക തള്ളിയതെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
നടപടി ക്രമങ്ങളില്‍ പ്രാഥമികമായി വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എതിരില്ലാതെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വകലാശാലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം. ഒരാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ പട്ടിക പ്രസിദ്ധികരിക്കണമെന്നും നടപടി ക്രമങ്ങളെല്ലൊം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.