കൊച്ചി: മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി വിലക്കി ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ്. വിഷയം പഠിക്കാനായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.മൂന്നാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മൂന്നാര്‍ വിഷയം മാത്രം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് പ്രത്യേക അധികാരം ഉപയോഗിച്ച് സ്പെഷല്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍മാണം വിലക്കി ഉത്തരവിട്ടിരിക്കുന്നത്.മൂന്നാറിലും പരിസരപ്രദേങ്ങളിലും നിര്‍മാണത്തിന് റവന്യൂവകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധന ഹൈക്കോടതി നൽകിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് കോടതി കര്‍ശനനടപടി സ്വീകരിച്ചത്.
അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് നിര്‍മാണ അനുമതി വിലക്കിയത്. ഇതോടൊപ്പം മൂന്നാറിലും പരിസരത്തുമുളള ഒന്‍പത് പഞ്ചായത്തുകളെ കൂടി ഈ കേസില്‍ കക്ഷി ചേര്‍ത്തു. അവരുടെ കൂടി നിലപാട് അറിയും. നേരത്തെ കൈയേറ്റങ്ങളമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ വിഷയം പ്രത്യേകമായി പഠിക്കാന്‍ അമിക്കസ്ക്യൂറിയെ കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിക്കസ് ക്യൂറി.
മൂന്നാറില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കഴിയുന്ന ഒരു ഏജന്‍സിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും അമിക്കസ് ക്യൂറിയോടും കോടതി ആവശ്യപ്പെട്ടു. വയനാട് പോലെയുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. എന്തുകൊണ്ടാണ് ഇത്തരം നിര്‍ദേശം മൂന്നാര്‍ പ്രദേശത്തു നല്‍കാത്തതെന്നും കോടതി ചോദിച്ചു.