കൊച്ചി : നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിഡിഇ നൽകിയ വിവാദ ഉത്തരവിനെ ചോദ്യം ചെയ്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. ഇതിന് മറുപടിയായി നവകേരളാ സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഉദ്യോഗസ്ഥന്റെ നടപടി കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. നവകേരള സദസിനായി സ്കൂൾ ബസ് വിട്ടു നൽകാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിൻവലിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെ രണ്ട് ഉത്തരവുകൾക്കുമെതിരായ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു.