കാസർകോട്: റിയാസ് മൗലവി വധക്കേസിൽ മൂന്ന് ആർഎസ്എസ്സുകാരെ വെറുതെവിട്ട ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വിചാരണക്കോടതിവിധി നിയമവിരുദ്ധമാണെന്ന് അപ്പീലിൽ പറയുന്നു. പ്രതികളുടെ റിമാൻഡ് തുടരണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹർജിയും നൽകി. റിയാസ് മൗലവിയുടെ ഭാര്യ സൈദയും അപ്പീൽ (വിക്ടിം അപ്പീൽ) നൽകും.
87 സാഹചര്യത്തെളിവുണ്ടായിട്ടും സെഷൻസ് കോടതി പരിഗണിച്ചില്ലെന്ന് അപ്പീൽ ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷൻവാദങ്ങളും ശക്തമായ ഡിഎൻഎ തെളിവുകളും പരിഗണിച്ചില്ല. ബോണ്ട് ആവശ്യപ്പെടാതെ പ്രതികളെ വിട്ടയച്ചത് ഗുരുതര വീഴ്ചയാണ്. ഏഴു വർഷവും ഏഴു ദിവസവും ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് ശക്തമായ തെളിവുകൾ ഉള്ളതുകൊണ്ടാണ്. സെഷൻസ് കോടതി ഇതൊക്കെയും മറികടന്നത് സ്വന്തമായ കണ്ടെത്തലുകളിലാണെന്നും അപ്പീൽ ഹർജിയിൽ പറഞ്ഞു.
റിയാസ് മൗലവിയുടെ ഭാര്യ സൈദ ഹൈക്കോടതിയിൽ വിക്ടിം അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ്. കുടകിൽ താമസിക്കുന്ന ഇവർ കോഴിക്കോട്ടെത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി ഷാജിത്തിനെ കണ്ടു. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സൈദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർക്കാർ നടപടി അതിവേഗം
റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെ ആവശ്യപ്രകാരമാണ് കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. അഡ്വ. എം അശോകനെയാണ് ആദ്യം നിയമിച്ചത്. വിസ്താരം നടക്കുന്ന കാലത്ത് അദ്ദേഹം മരിച്ചപ്പോൾ സഹായിയായ അഡ്വ. ടി ഷാജിത്തിനെ നിയമിച്ചു. കൊലപാതകം നടന്ന് 85–ാം ദിവസം പ്രത്യേക അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചു. മാർച്ച് 30ന് പ്രതികളെ വെറുതെവിട്ട് നാലുദിവസത്തിനകം സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.