കൊച്ചി : ശബരിമല കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നല്‍കിയെന്നും ഉത്തരവിനെ സ്ത്രീകള്‍ എതിര്‍ത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്നും ഹൈക്കോടതി. സ്ത്രീമുന്നേറ്റത്തില്‍ പൊതുവിടങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായി. സ്വകാര്യയിടങ്ങളില്‍ ഇത്തരമൊരു മാറ്റമില്ല. വീടുകളില്‍നിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡോ. എകെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സിഎസ് സുധയുമടങ്ങിയ ഡിവിഷന് ബെഞ്ച്.
പൊതുവിടങ്ങളിലെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. മത-ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും മുന്നേറ്റങ്ങളുണ്ടായി. ഈ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സ്ത്രീകളുമുണ്ടായിരുന്നു.
എന്നാല്‍, വീടുകളിലേക്കും മതങ്ങളിലേക്കും എത്തുമ്പോള്‍ അവിടെ കാര്യമായ മുന്നേറ്റമുണ്ടായെന്നു പറയാനാകില്ല. സ്ത്രീശക്തിയെ അവര്‍ തിരിച്ചറിയണം-ഡിവിഷന് ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.