കൊച്ചി: ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് തീരുമാനം. ഈ കമ്പനിയുടെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകൂ എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18% ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്.
സെൻട്രൽ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ട് പ്രകാരം 18% ജിഎസ്ടി ബാധകമാകും എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ പൊറോട്ട ബ്രഡിന്റെ ഇനത്തിൽ ഉൾപ്പെടുന്ന ഉൽപന്നമാണെന്നും 5% ശതമാനം ജിഎസ്ടിയെ ബാധകമാകൂ എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഗണിക്കുന്ന അപ്ലറ്റ് അതോറിറ്റി 18% ജിഎസ്ടി എന്നത് നേരത്തെ ശരിവച്ചിരുന്നു. തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.