


കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനവുമായി വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നെന്നും സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കി.
സെലിബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്ന് പറഞ്ഞ കോടതി സെലിബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്ക്കും ഒരേ നിയമമാണ് ബാധകമെന്നും പറഞ്ഞു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി ചോദിച്ചു. വി.എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഒന്നും അറിയാറില്ലേ? വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നു.
പത്രങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു. സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. രാഷ്ട്രീയ വൈരം മൂല്യമാണ് പേര് വെട്ടിയത് എന്ന വാദത്തിൽ അത്ഭുതപ്പെടുന്നു. മറ്റുള്ളവരെ പഴിക്കേണ്ടതില്ലെന്നും സ്വയം പഴിക്കൂ എന്നും കോടതി വ്യക്തമാക്കി.
മലാപറമ്പ് വാർഡിലെ വോട്ടറായ വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് വ്യക്തമായതോടെയാണ് സ്ഥാനാർഥിയും പാർട്ടിയും പ്രതിസന്ധിയിലായത്. ഇതോടെയാണ് വിനു കോടതിയെ സമീപിച്ചത്. പട്ടികയിൽ വി.എം വിനുവിന്റെ വീട്ടിലെ ആരുടെ പേരും ഇല്ല. മേയർ സ്ഥാനാർഥിക്ക് വോട്ടില്ലാതായതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.
വി.എം വിനുവിനെ കല്ലായി ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, നാമനിർദേശ പത്രിക സർപ്പിക്കുന്നതിനായി ക്രമനമ്പർ നോക്കിയപ്പോഴാണ് പട്ടികയിൽ പേരില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. വോട്ടില്ലെന്ന് വ്യക്തമായതോടെ, പുതിയ മേയർ സ്ഥാനാർഥിയെ കണ്ടെത്താനാണ് കോണ്‍ഗ്രസ് നീക്കം.