കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് തന്നെ കൊച്ചിയില്‍ ചോദ്യംചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന് 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
കേസില്‍ സ്വപ്നയുടെ ഹര്‍ജി കോടതി തള്ളി. തനിക്ക് ഭീഷണിയുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ തളിപ്പറമ്പില്‍ പോകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. ഭീഷണിയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്കിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.