വയനാട് : മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പ എഴുതിതള്ളണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവിതോപാധികൾ ഇല്ലാതായെന്നും, കേരളബാങ്ക് മുഴുവൻ വായ്പയും എഴുതിതള്ളിയെന്നും കോടതി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ മാർഗനിർദേശ പ്രകാരം വായ്പ എഴുതി തള്ളാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.
വായ്പ എഴുതിത്തള്ളുന്നത് പരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിർദേശിച്ചാൽ പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി.
മുഖ്യമന്ത്രി പങ്കെടുത്ത എസ്എൽബിസി യോഗത്തിന്റെ ശുപാർശ പ്രകാരമാണ് വായ്പഎഴുതിത്തള്ളില്ല എന്ന നിലപാടെടുത്തതെന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം കോടതിയിൽ മറുപടി നൽകി. വായ്പ എഴുതിത്തള്ളണമെന്ന് തന്നെയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിന്റെ മിനുട്ട്സ് ഉൾപ്പെടെ ഹാജരാക്കി സംസ്ഥാനം കോടതിയെ അറിയിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നാളെ വിധി പറയും.
അതേസമയം, മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് വഞ്ചനയാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും, വയനാട്ടിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലായിടത്തും ശബ്ദമുയർത്തുമെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.