കൊച്ചി: മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. ആകാശ് തില്ലങ്കേരി നടത്തിയ നിയമലംഘനവുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിച്ചതിന് ശേഷമാണ് വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിച്ച് നിയമലംഘനം നടത്തുന്നതെന്നന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി.
വടകരയിൽ സീബ്രാലൈൻ മുറിച്ച് കടന്ന വിദ്യാർഥികളെ വാഹനമിടിച്ച വിഷയത്തിലും സ്വമേധയാ കേസെടുക്കുമെന്ന് കോടതി പറഞ്ഞു. ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായ ലൈറ്റുകൾ ഇപ്പോഴും തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. കെ.എം.എം.എല്‍, എം.ഡിയുടെ വാഹനം ബീക്കൺ ലൈറ്റിട്ട് അമിത വേഗതയിൽ പോയതിനെയും കോടതി വിമർശിച്ചു. വാഹനം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി എം.വി.ഡിക്ക് നിർദേശം നൽകി.