തലശേരി : സിപിഎം പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പ്രതികളായി പയ്യന്നൂർ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദാക്കി. കരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു എം.ജോസഫ് (44) തൂങ്ങി മരിച്ച സംഭവത്തെ തുടർന്നുണ്ടായ കേസിലാണ് ഹൈക്കോടതിയുടെ വിധി.
സിപിഎം പ്രവർത്തകനായ കണ്ണൂർ തെക്കീ ബസാറിലെ പോത്തിക്ക രൂപേഷ് (39), കുറ്റ്യാട്ടൂർ കോരമ്പത്ത് സുജേഷ് (39) എന്നിവർ പ്രതികളായ 306 വകുപ്പ് പ്രകാരമുള്ള കേസാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്. വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രമുഖ അഭിഭാഷകരായ വി.ആർ. നാസർ, പി.എം. അച്യുത്, സോണിയ ഫിലിപ്പ് എന്നിവരാണ് പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
2012 ഏപ്രിൽ 17-നാണ് ബിജു എം. ജോസഫ് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയത്. ബിസിനസ് പങ്കാളികളായ പ്രതികളുടെ നിരന്തരമുള്ള ഭീഷണിയെ തുടർന്നാണ് ബിജു ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
ആദ്യം അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് രൂപേഷിനെയും സുജേഷിനേയും പ്രതി ചേർക്കുകയായിരുന്നു. ഇരുവർക്കും അന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഏറെ വിവാദമായ ഈ കേസിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു.
പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.