കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കനടപടി റദ്ദാക്കി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച്.സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നല്കിയ കാരണം കാണിക്കല്‍ നോട്ടീസും ഇതോടൊപ്പം റദ്ദാക്കി.സിസാ തോമസിനെതിരായ നടപടികളൊന്നും നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനേത്തുടർന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിസാ തോമസിനെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്.എന്നാൽ ഈ നിയമനത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു.അതിനുശേഷമാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
നോട്ടീസിനെതിരേ സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും തെറ്റായി നല്‍കിയതാണെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തി. സിസയുടെ നിയമനം നിയമപരമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.