കൊച്ചി : ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെനറ്റ് അംഗങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗമായി പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സെനറ്റ് അംഗങ്ങളായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലന് പൂതേരി, സി മനോജ്, പിഎം അശ്വിന്‍രാജ്, എവി ഹരീഷ്, അഫ്സല് സഹീര്‍, സി സ്നേഹ, എആര്‍ പ്രവീണ്‍ കുമാര്‍, എകെ അനുരാജ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഏട്ടംഗങ്ങള്ക്കും പൊലീസ് സംരക്ഷം നല്‍കണമെന്നും സെനറ്റ് അംഗമായി പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
ഡിസംബര്‍ 21ന് രാവിലെ സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ പങ്കെടുക്കാനെത്തിയപ്പോള്‍ യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സുരക്ഷ ഒരുക്കാന്‍ സര്‍വകലാശാല വിസിയോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി പോലിസ് സംരക്ഷണം നല്‍കാനും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.