കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി.ബി.ഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആവർത്തിച്ചു പറഞ്ഞിട്ടും അത് അന്വേഷിക്കാൻ സി.ബി.ഐ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹരജി പരിഗണിക്കുമ്പോൾ സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.ബാലഭാസ്കറിന്റെ മരണത്തിലെ ദൂരൂഹത നീക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു മാസത്തിനുള്ള കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് ബച്ചു കുര്യൻ ആവശ്യപ്പെട്ടിരുന്നത്.
ആദ്യ അന്വേഷണം ശരിയല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളാണ് സംശയമായി നിൽക്കുന്നത്. സ്വർണക്കടത്തുകാർക്ക് പങ്കുണ്ടോ എന്നും സംശയമുണ്ട്. ആദ്യത്തെ അന്വേഷണം ശരിയായ രീതിയിലല്ല. ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും പിതാവ് പറഞ്ഞു. ഒരുപാടുപേർ ബാലഭാസ്കറിൽനിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. 50 ലക്ഷം രൂപ വാങ്ങിയെന്ന് ഒരാൾ സമ്മതിച്ചിട്ടുണ്ട്. എന്തോ കുഴപ്പമുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും കെ.സി ഉണ്ണി പറഞ്ഞു.
തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയായിരുന്നു ബാലഭാസ്ക്കറും മകളും വാഹനാപകടത്തില്‍ മരിച്ചത്. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്ജുന് എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.അപകടത്തിന് ശേഷം ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെ വിവാദങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ അപകടം അട്ടിമറിയില്ലെന്നും ഡ്രൈവര്‍ അര്ജുന് അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നുമായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെതിരേ ബാലഭാസ്ക്കറിന്റെ അച്ഛന് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്. ക്രൈംബ്രാഞ്ച് കണ്ടെത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട്.