കൊച്ചി: കോട്ടയം തിരുവാര്‍പ്പിൽ ബസ് ഉടമയെ മർദ്ദിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട ശേഷം ബസ് ഉടമയെ മർദ്ദിച്ച കെ.ആർ.അജയ് ആണ് കോടതിക്ക് മുന്നിൽ ഹാജരാകേണ്ടത്. ജസ്റ്റിസ് എൻ.നഗരേഷാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
സംരക്ഷണം നൽകാൻ ഉത്തരവിട്ടതിന് ശേഷവും ബസുടമ രാജ്മോഹനെ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ പൊലീസിനോടും കോടതി നിർദ്ദേശിച്ചിരുന്നു.നേരത്തെ കേസിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയും കോട്ടയം ഡിവൈഎസ്പിയും കുമരകം സിഐയും നേരിട്ട് ഹാജരായിരുന്നു. ഇന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിയെ ഒഴിവാക്കിയിരുന്നു. കേസിൽ രുക്ഷ വിമർശനമാണ് പൊലീസിനെതിരേ ഹൈക്കോടതി നടത്തിയിരുന്നത്. യൂണിയന്‍കാരുടെ അടിയേറ്റത് പരാതിക്കാരന്റെയല്ല ഹൈക്കോടതിയുടെ കരണത്താണെന്നും അവിടെ നടന്നതു നാടകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.