കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്ഐടിക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷം നിരീക്ഷണം നടത്തിയത്.
ഹേമ കമ്മിറ്റിക്കു മൊഴി നൽകിയവരുടെ പേരുകൾ ഒരുവിധത്തിലും പുറത്തു പോകരുതെന്നു പ്രത്യേകാന്വേഷണ സംഘത്തിനു കോടതി നിർദേശം നൽകി. പ്രാഥമിക വിവര റിപ്പോർട്ടിലും എഫ്ഐആറിലും പേരുകൾ മറച്ചിരിക്കണം. ഇവയുടെ പകർപ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതമാർക്കു മാത്രമേ നൽകാവൂ. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ കുറ്റാരോപിതർക്ക് ഇതിന്റെ പകർപ്പ് ലഭ്യമാകൂ.
ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയ സാക്ഷികളിൽ ആരും എസ്ഐടിയുമായി സഹകരിക്കാനോ മൊഴി നൽകാനോ തയാറല്ല. മൊഴി നല്കാൻ യാതൊരു കാരണവശാലും അവർക്കുമേൽ സമ്മർദ്ദമുണ്ടാവരുതെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം. സാക്ഷികൾ സഹകരിക്കാൻ തയാറാകാതിരിക്കുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകൾ ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനവും നിർബന്ധമാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു. സിനിമയിൽ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കാൻ എന്നതാണ് പ്രധാന നിർദേശം. അഭിനേതാക്കൾ ചെയ്യുന്ന റോളുകൾ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതോ ആകരുതെന്നും നിർദേശത്തിൽ പറയുന്നു. ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ അധിക സത്യവാങ്മൂലം സമർപ്പിച്ചു.