കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഐഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ സംസ്ഥാന നേതാക്കള്‍ക്കു കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോടും നേരിട്ട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു. സംഭവം ചെറുതായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് കേസ്. എം.വി ഗോവിന്ദന്, ഡിജിപി, തിരുവനന്തപുരം സിറ്റി കമ്മിഷണർ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി സമർപ്പിച്ചത്. കേസിൽ വൻ വിമർശനം നടത്തിയ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ല. സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.