കൊച്ചി : നിര്‍മാണത്തിലിരിക്കെ ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി വിശദവിവരങ്ങള്‍ അടങ്ങുന്ന ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ സാഹചര്യം പരിശോധിക്കുന്നതിനിടെയാണ് മലപ്പുറത്ത് റോഡ് തകര്‍ന്ന സംഭവത്തെ കുറിച്ച് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ദേശീയ പാതാ അതോറിറ്റിയോട് വിവരങ്ങള്‍ തേടിയത്.
ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ കരാറ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിഷയം സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നുമായിരുന്നു ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയം അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ വിഷയത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ കേരളത്തില്‍ സന്തോഷമില്ലെന്ന പരാമര്‍ശത്തോടെയായിരുന്നു ഹൈക്കോടതി വിഷയം പരിഗണിച്ചത്. തകര്‍ന്നത് ആളുകള്‍ വളരെ കാലമായി കാത്തിരുന്ന റോഡാണ്. റോഡ് നിര്‍മാണം വിദഗ്ധമായാണോ പൂര്‍ത്തിയാക്കിയത് എന്ന് ഉറപ്പുണ്ടോയെന്നും ജനങ്ങളുടെ ആശങ്ക പരിഗണിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര് കണ്‍സ്ട്രക്ഷനെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിരുന്നു. ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഐഐടി പ്രൊഫസര്‍ കെ ആര് റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞു താണത്.