കൊച്ചി : ഉപഭോക്തൃ കോടതി വിധികളും മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ ജസ്റ്റസ് വിൽസൺ കത്തയച്ചു. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ പരാതിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.
സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ മലയാള ഭാഷയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബൻ മാട്ടുമന്ത ഹർജി നൽകിയത്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റൻറ് രജിസ്ട്രാർ കത്തയച്ചത്.
പ്രാദേശിക ഭാഷകളുടെ വികാസത്തിനായി, സർക്കാർ, കോടതി നടപടികളും ഭരണഭാഷയും പ്രദേശികവത്ക്കരിക്കുകയാണ്. ഇതിൻറെ ഭാഗമായി കീഴ്ക്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് ഹൈക്കോടതിയും ജില്ലാ കോടതികളും തുടക്കം കുറിച്ചു കഴിഞ്ഞു. എന്നാൽ, ഉപഭോക്തൃ കോടതികൾ പലതും ഇപ്പോഴും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്.