കൊച്ചി : സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണ്. സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരുന്നത് പുതിയ സംഭവമല്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.
സ്വകാര്യ ബിൽ പാർലമെന്റ് അംഗത്തിന്റെ അവകാശമാണ്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ആശയ പ്രചാരണത്തിന് മാത്രമാണ് ബില്ലുകളെന്നും ഹൈബി ഈഡൻ വിശദീകരിച്ചു. തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ല .പാർട്ടിയുമായി വിഷയം ചർച്ച ചെയ്യുമെന്നും പിൻവലിക്കണമെന്ന് ഔദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാം എന്നും ഹൈബി ഈഡൻ പറഞ്ഞു.
ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി എന്നും തന്നെ വിമർശിച്ചവർക്ക് മറുപടിയുണ്ട് എന്നും ഹൈബി ഈഡൻ വ്യക്തമാക്കി. അവരുടെ സീനിയോറിട്ടിയും പദവി കണക്കിലെടുത്ത് ഇപ്പോൾ ഒന്നും പറയുന്നില്ല, സദുദ്ദേശത്തോടെയാണ് ബില്ല് കൊണ്ടുവന്നത്, പബ്ലിസിറ്റി ആഗ്രഹിച്ചിട്ടല്ല, ബില്ല് ചോർന്നതിൽ ദുരൂഹതയെന്നും ഹൈബി ഈഡൻ തുറന്നടിച്ചു.