ന്യൂഡല്‍ഹി : വഖഫ് ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ശ്രമം. വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ലും വരുമെന്ന് ഹൈബി ഈഡൻ ലോക്സഭയിൽ വഖഫ് ബിൽ ചർച്ചയ്ക്കിടെ പറഞ്ഞു. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണ്. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതെന്ന് ഹൈബി ഈഡൻ ചോദിച്ചു.
താനും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നാണ്. ഞാനും അവരിൽ ഒരാളെന്നും ഹൈബി പറഞ്ഞു. മുന്‍കാല പ്രാബല്യമില്ലെങ്കില്‍ മുനമ്പത്തുകാര്‍ക്ക് എന്തു ഗുണം?. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂർ കത്തിയപ്പോൾ സിബിസിഐ പറഞ്ഞത് സർക്കാർ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതെയാക്കിയ സർക്കാരാണിതെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി.
ഹൈബിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്തെത്തി. കോൺഗ്രസുകാർ 2014 ൽ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമർശിച്ചായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി തോറ്റപ്പോൾ യൂത്ത് കോൺഗ്രസുകാർ ബിഷപ്പ് ഹൗസ് ആക്രമിച്ചിട്ടുണ്ടെന്ന് ജോർജ് കുര്യൻ ആരോപിച്ചു. നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പം സമൂഹത്തെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും സാധിക്കുകയുള്ളൂവെന്ന് ജോർജ് കുര്യൻ പറഞ്ഞു.