ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് ഹേമന്ത് സോറന് രാജിക്കത്ത് കൈമാറി. കസ്റ്റഡിയിലുള്ള സോറന് ഇ ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതെന്ന് ജെഎംഎം എംപി മഹുവ മാജി അറിയിച്ചു.
ഹേമന്ത് സോറന് അറസ്റ്റിലായതിന് പിന്നാലെ ചംപയ് സോറന് മുഖ്യമന്ത്രിയാകും. ഭരണകക്ഷി എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി ചംപയ് സോറന് ഗവര്‍ണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന് മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഹേമന്ത് സോറന്റെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ 36 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെയാണ് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍.
ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കില്‍പ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. 27നു ഡല്‍ഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതര്‍ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഉദ്യോഗസ്ഥര്‍ റാഞ്ചിയിലുമെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ബിജെപി പോസ്റ്റര്‍ ഇറക്കി.
2020 -22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറന് പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ 8 സമന്‍സും അവഗണിച്ച സോറന് ഈ മാസം 20നു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.