ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.
ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നവംബര്‍ 19ന് പരിഗണിക്കാനായാണ് മാറ്റിയത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് ഹര്ജിക്കാരന് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്ജിക്കാരന് കേസില്‍ എന്തു കാര്യമെന്ന് കോടതി ചോദിച്ചിരുന്നു.
തുടർന്ന് ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നാണ് നിര്‍ദേശിച്ചത്. മൊഴി നൽകാൻ അതിജീവിതമാർ തയ്യാറല്ലെങ്കിൽ നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.