തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. രണ്ടു ദിവസംകൂടി സമാന സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും (അതിതീവ്ര മഴ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ) പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടാണ് (ശക്തമായ മഴ). ബുധൻ പത്തനംതിട്ടയിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പുവരെ കേരളതീരത്തുനിന്ന് കടലിൽ പോകരുത്. തിങ്കൾ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ പീച്ചി (163.8 മി.മീ), വാഴാനി (137), അമ്പലപ്പുഴ (134.6), കോഴിക്കോട് (116.5), ഒറ്റപ്പാലം (115.5) എന്നിവിടങ്ങളിൽ കൂടുതൽ മഴ രേഖപ്പെടുത്തി.
നാളെ ന്യൂനമർദ സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനോടെ ന്യൂനമർദം രൂപപ്പെട്ട് വെള്ളിയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴിയും ഇതിൽനിന്ന് വടക്കൻ കർണാടകംവരെ ന്യൂനമർദപാത്തിയും വടക്കൻ കേരളത്തിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.