ചെന്നൈ: അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴ യാണ് രേഖപ്പെടുത്തിയത് . 1996 നു ശേഷം ഇത്ര കനത്ത മഴ ലഭിക്കുന്നത് ഇതാദ്യമാണ്. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വെല്ലൂർ, റാണിപേട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും അറിയിപ്പുണ്ട്.ശക്തമായ മഴ നിമിത്തം 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുകയാണ്.കഴിഞ്ഞ ദിവസംവരെ 40 ഡിഗ്രി ചൂടായിരുന്നു ചെന്നൈ നഗരത്തില്‍. അപ്രതീക്ഷിതമായാണ് ഇത്രയധികം മഴയെത്തിയത്. അടുത്ത മൂന്ന് മണിക്കൂറിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി.
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, റാണിപേട്ട്, തിരുപത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കഡല്ലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു പുലർച്ചെ 5.30 വരെയുള്ള കണക്ക് അനുസരിച്ച് മീനമ്പാക്കത്ത് 14 സെന്റീമീറ്റർ മഴ ലഭിച്ചു. താരാമണി, നന്ദനം എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് റെയിൻ ഗേജുകളിൽ (എആർജി) 12 സെന്റീമീറ്റർ വീതം മഴ രേഖപ്പെടുത്തി. ചെമ്പരംബാക്കത്തിൽ 11 സെ.മീ. മഴയും രേഖപ്പെടുത്തി. നുംഗമ്പാക്കത്തിൽ ആറു സെ.മീ., വെസ്റ്റ് താംബരത്തിൽ എട്ട് സെ.മീയും രേഖപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ നഗരം വെള്ളത്തിനായി ആശ്രയിക്കുന്ന ചെമ്പരംബാക്കം റിസർവോയറിൽ കനത്ത മഴയെത്തുടർന്ന് ജലം ഒഴുകിയെത്തി. ഇന്നു പുലർച്ചെ ആറു മണിവരെ 921 ക്യുസെക്സ് വെള്ളം ഇങ്ങനെ എത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വരെ മഴ ഇതേ തുടരുമെന്നാണ് അറിയിപ്പ്.