


തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നല്കുന്ന ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.
തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെങ്കിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
അതേസമയം, കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ വരെ) കണ്ണൂര്‍-കാസറഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ 20/07/2025 രാത്രി 11.30 വരെയും; കന്യാകുമാരി തീരത്തും (നീരോടി മുതല്‍ ആരോക്യപുരം വരെ) 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.