തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം കൂടി മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്.
നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 24 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട് . ഇവയുടെ സ്വാധീന ഫലമായാണ് മഴ. കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല.